മുംബൈ: മഹാരാഷ്ട്ര നിയമസഭ പാസാക്കിയ മതപരിവർത്തന നിരോധന നിയമത്തെ അപലപിച്ച് സംസ്ഥാനത്തെ ബിഷപ്പുമാർ. നിയമം മതസ്വാതന്ത്ര്യത്തിന്റെ ഭരണഘടനാ ഉറപ്പുകളെ ദുർബലപ്പെടുത്തുന്നുവെന്നും നിയമാനുസൃതമായ വിശ്വാസാനുഷ്ഠാനങ്ങളെ പ്രതികൂലമായി ബാധിക്കുമെന്നും ബിഷപ്പുമാർ മുന്നറിയിപ്പ് നൽകി.
സംരക്ഷിക്കാൻ ഉദ്ദേശിക്കുന്ന മതസ്വാതന്ത്ര്യത്തിന്റെ തത്വത്തിനുതന്നെ വിരുദ്ധമാണു നിയമമെന്ന് വെസ്റ്റേൺ റീജൺ ബിഷപ്സ് കൗൺസില്‍ ചൂണ്ടിക്കാട്ടി.
ഭരണഘടനയുടെ ആർട്ടിക്കിൾ 19, 21, 25 എന്നിവയിൽ ഉൾപ്പെടുത്തിയിരിക്കുന്നതുപോലെ, ആവിഷ്കാരസ്വാതന്ത്ര്യം, വ്യക്തിസ്വാതന്ത്ര്യം, സ്വതന്ത്രമായ മതപ്രചാരണം, ആചാരം എന്നിവയ്ക്കുള്ള മൗലികാവകാശങ്ങളെ ഈ നിയമം ലംഘിക്കുന്നു. മതസമൂഹങ്ങളുമായി വേണ്ടത്ര കൂടിയാലോചന നടത്തിയിട്ടില്ല. നിയമനിർമാണം പാസാക്കിയ രീതിയെയും ബിഷപ്പുമാർ വിമർശിച്ചു.
മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയിയുടെ ഭരണകാലത്തു മതവിഭാഗങ്ങളെ ബാധിക്കുന്ന നിയമങ്ങൾ അവതരിപ്പിക്കുന്നതിനു മുമ്പ് സഭാ നേതൃത്വവുമായി സംസാരിക്കാന്‍ ഇടപെടല്‍ നടന്നിരുന്നുവെന്നും ബിഷപ്സ് കൗൺസില്‍ വ്യക്തമാക്കി.
മതംമാറ്റം സ്വമേധയാ ഉള്ളതാണോ എന്ന് ഉറപ്പുവരുത്തുന്നതിനായി, മതം മാറാൻ ആഗ്രഹിക്കുന്ന വ്യക്തി 60 ദിവസം മുമ്പ് ജില്ലാ മജിസ്ട്രേറ്റിനു നേരിട്ട് അപേക്ഷ നൽകണം, മതപരിവർത്തനത്തിനുശേഷം 21 ദിവസത്തിനുള്ളിൽ അധികൃതരെ അറിയിക്കണം തുടങ്ങി നിരവധി നൂലാമാലകള്‍ നിറഞ്ഞതാണ് മഹാരാഷ്ട്രയിലെ മതപരിവര്‍ത്തന നിരോധന ബില്ല്. പ്രതിപക്ഷ എതിർപ്പിനിടയിൽ നിയമസഭ പാസാക്കിയ ബില്ല് ഇനി നിയമനിർമാണ സഭയും പാസാക്കി ഗവർണർക്കു വിടുന്നതോടെ നിയമമാകും.